സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭക്ഷണവിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി രാഷ്ട്രീയ വിവാദം.
മലപ്പുറം പൊന്നാനിയിലെ യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചാണ് സി.പി.ഐ.എം നേതാക്കൾ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചത്.
കനത്ത മഴയും ദുരിത സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം മുഖ്യമന്ത്രി വ്യക്തിപരമായ പരിപാടികളുമായി മുന്നോട്ട് പോയെന്നാണ് വിമർശനം. സി.പി.ഐ.എം നേതാവ് എ.എ. റഹീം ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരിച്ചത്.
സംസ്ഥാനം ഗുരുതര പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്നും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട സാഹചര്യമാണെന്നും എ.എ. റഹീം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
എന്നാൽ, ഈ സാഹചര്യത്തിൽ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ മാറ്റിവച്ച് പൊന്നാനിയിലെ വിരുന്നിൽ പങ്കെടുത്തത് അനുചിതവും അനവസരത്തിലുമായ നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര, ക്ഷേത്രത്തിലെ വഴിപാട്, വിരുന്ന് സത്കാരം തുടങ്ങിയ പരിപാടികൾ ചൂണ്ടിക്കാട്ടിയാണ് ഇടത് നേതാക്കളും പ്രവർത്തകരും വിമർശനം ശക്തമാക്കിയത്.
അതേസമയം, മഴക്കെടുതി നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.




