കൊച്ചിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. എരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോയിയുടെ മകൻ നിഹിൽ റോഷൻ (26) നെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കൊച്ചി സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിഹിൽ റോഷൻ. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവായതിനെ തുടർന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് എറണാകുളം ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
ക്രമസമാധാന നില തകർക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
കൊച്ചിയിൽ മയക്കുമരുന്ന് സംഘങ്ങൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും എതിരെ പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.




