മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ. അഞ്ചുവർഷത്തിനിടെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ സമയനിഷ്ഠ 90 ശതമാനത്തിൽ നിന്ന് 77 ശതമാനമായും പാസഞ്ചർ ട്രെയിനുകളുടേത് 88 ശതമാനത്തിൽ നിന്ന് 67 ശതമാനമായും കുറഞ്ഞു. സമയനിഷ്ഠയിൽ ഏറ്റവും പിന്നിലുള്ള ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിലേക്കുള്ള സർവീസുകളും ഇടംപിടിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റെയിൽവേ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും മോശം സമയനിഷ്ഠയുള്ള നൂറ് ട്രെയിനുകളുടെ പട്ടികയിൽ മംഗള, നേത്രാവതി എക്സ്പ്രസുകളുമുണ്ട്. നേത്രാവതി എക്സ്പ്രസിന്റെ സമയനിഷ്ഠ 24 ശതമാനവും മംഗളയുടേത് 23 ശതമാനവുമാണ്. എറണാകുളം–ടാറ്റാനഗർ എക്സ്പ്രസിന്റെ സമയനിഷ്ഠ 30 ശതമാനം മാത്രമാണ്.
ഒരു ദിവസം പോലും സമയനിഷ്ഠ പാലിക്കാത്ത 12 ട്രെയിനുകളെങ്കിലും രാജ്യത്തുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലൂടെ കടന്നുപോകുന്ന വിവേക് എക്സ്പ്രസും ഈ പട്ടികയിലുണ്ട്.
കൊങ്കൺ പാതയിലെ സമയനിഷ്ഠ 71 ശതമാനം മാത്രമായതാണ് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ യാത്രയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
അതേസമയം, ട്രെയിനുകൾ വൈകുന്നതിലൂടെ യാത്രക്കാർക്ക് നഷ്ടമാകുന്ന സമയത്തിന്റെ കണക്കോ റീഫണ്ട് വിവരങ്ങളോ കൃത്യമായി ക്രോഡീകരിച്ചിട്ടില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. കഴിഞ്ഞ വർഷം മാത്രം ട്രെയിനുകൾ വൈകിയതിലൂടെ നഷ്ടമായത് 4.60 കോടി മിനിറ്റാണ്. ഏകദേശം 87 വർഷത്തിന് തുല്യമായ സമയമാണിത്.




