റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഡ്രോൺ തകർത്തതെന്നാണ് സൗദിയുടെ വിശദീകരണം. സംഭവത്തെ തുടർന്ന് മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി.
ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇത് സൗദിയുടെ റെഡ് ലൈനാണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ആക്രമണത്തെ അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ഹൂതികൾ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ സൗദി വ്യോമതാവളങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്.




