കോട്ടക്കൽ: അപകടങ്ങൾ തുടർക്കഥയായതോടെ ഏറെ കൊട്ടിയാഘോഷിച്ച് തുറന്ന എക്സിറ്റും എൻട്രിയും താത്ക്കാലികമായി അടച്ച് കോട്ടക്കൽ പൊലീസ്. പാതയിൽ നിന്നും കോട്ടക്കലിലേക്കുള്ള പ്രവേശന കവാടമായ ചിനക്കലിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പ്രവേശിക്കാനും മറുഭാഗത്ത് കോഴിക്കോട് ഭാഗത്ത് നിന്നു വരുന്നവർക്ക് പഴയ പാതയിലേക്ക് എളുപ്പമാർഗ്ഗം എത്താനും തുറന്നു കൊടുത്ത ഭാഗങ്ങളാണ് അടച്ചത്.
വഴി തുറന്നെങ്കിലും ആവശ്യമായ സൂചനസംവിധാനങ്ങളോ മറ്റു അപായ മുന്നറിയിപ്പുകളോ സ്ഥാപിച്ചിരുന്നില്ല. സർക്കാർ ബസ്സുകളടക്കം നിയമം തെറ്റിക്കുന്നതും പതിവ് കാഴ്ചയായി. പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കൂടി വാഹനങ്ങൾ കയറുന്നതും വലിയ അപകടങ്ങൾക്ക് വഴിവെച്ചിരുന്നു. ദിശതെറ്റിച്ചാണ് പല വാഹനങ്ങളും സഞ്ചരിച്ചിരുന്നത്. എൻ.എച്ച് പ്രവേശനം താൽക്കാലികമായാണ് തടഞ്ഞതെന്നും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം പ്രവേശനം അനുവദിക്കുമെന്നും എസ്.എച്ച്.ഒ ബിൻഷാദ് അലി അറിയിച്ചു.




