ദുബായ്: ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ദുബായ് ആർടിഎ. വേനൽക്കാലത്ത് റൈഡർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
എമിറേറ്റിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളിൽ സജ്ജീകരിച്ച താൽക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുക. ആകെ 23 കേന്ദ്രങ്ങളിലാണ് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നത്.
യുഎഇ ഫുഡ് ബാങ്കുമായും ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിന് ഡെലിവറി റൈഡർമാർ നൽകുന്ന ദൈനംദിന സേവനങ്ങൾ പരിഗണിച്ചാണ് പദ്ധതിയെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
വേനൽക്കാലത്ത് ഡെലിവറി റൈഡർമാരെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12.30 മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ പുറത്ത് ജോലി ചെയ്യുന്നത് നിയന്ത്രിക്കുന്ന മിഡ് ഡേ ബ്രേക്ക് നിയമത്തെ പിന്തുണയ്ക്കുന്നതാണ് പദ്ധതിയും.
ഗോൾഡ് സൂഖ്, സത്വ, അൽ ജാഫിലിയ, ഖുസൈസ്, കറാമ ബസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും റാഷിദിയ, അൽ ഫുർജാൻ, ഡി.എം.സി.സി, ബർജുമാൻ, ഇബ്നു ബത്തൂത്ത തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലുമാണ് ഭക്ഷണം വിതരണം ചെയ്യുക.
ഡെലിവറി തൊഴിലാളികൾ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക ഘടനയുടെ അനിവാര്യ ഘടകമാണെന്ന് യുഎഇ ഫുഡ് ബാങ്ക് എക്സിക്യൂട്ടീവ് ടീം മേധാവി മനൽ ഒബൈദ് ബിൻ യാറൂഫ് പറഞ്ഞു.




