തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനാകാതെ തുടരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഇടപെട്ടിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല. എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.
നാല് മാസമായി ശമ്പളം ലഭിക്കാത്തതോടെ ഓണക്കാലത്തും ഡയറ്റ് ജീവനക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനത്തെ മുന്നൂറോളം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നത്.
ഡയറ്റ് ജീവനക്കാരുടെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ച് പരിഹാരം കാണുമെന്നും നേരത്തെ വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. ഏത് വിഭാഗം ജീവനക്കാരാണ് പ്രതിസന്ധി നേരിടുന്നതെന്നും പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് ശമ്പള പ്രതിസന്ധിയുണ്ടാകില്ലെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും ഈ ഓണക്കാലത്ത് ശമ്പളം മുടങ്ങിയിരിക്കുകയാണ്.
പരസ്യമായി പ്രതികരിക്കുന്നതിന് ചില തടസങ്ങളുള്ളതിനാൽ ജീവനക്കാർ വിഷയത്തിൽ തുറന്ന് പ്രതികരിക്കാൻ തയ്യാറാകുന്നില്ല. കേന്ദ്രവും സംസ്ഥാനവും അറുപത്-നാൽപ്പത് അനുപാതത്തിൽ ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.




