ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുമ്പോൾ ടിക്കറ്റ് വിപണിയിൽ വൻ വിലയിടിവ്. പോർച്ചുഗലിന്റെയും സഹ-ആതിഥേയരായ അമേരിക്കയുടെയും പുറത്താകലിന് പിന്നാലെയാണ് ചില മത്സരങ്ങളുടെ റീസെയിൽ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
കിരീട പ്രതീക്ഷയുമായെത്തിയ പോർച്ചുഗൽ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്ര അവസാനിച്ചിരുന്നു. അമേരിക്കയും ബെൽജിയത്തോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ ആരാധക താൽപര്യത്തിൽ കുറവുണ്ടായെന്നാണ് വിലയിരുത്തൽ.
സെക്കൻഡറി ടിക്കറ്റ് വിപണിയായ ടിക്‌പിക്കിന്റെ കണക്കുകൾ പ്രകാരം, സ്പെയിൻ–ബെൽജിയം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ഏറ്റവും കുറഞ്ഞ റീസെയിൽ ടിക്കറ്റ് വില ഏതാനും ദിവസങ്ങൾക്കിടെ 2,950 ഡോളറിൽ നിന്ന് 1,200 ഡോളറിലേക്ക് താഴ്ന്നു. മറ്റ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെയും റീസെയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ടിക്കറ്റ് വിലയിൽ വന്ന ഈ കുറവ് പ്രധാനമായും റീസെയിൽ വിപണിയിലാണെന്നും, ഔദ്യോഗിക ടിക്കറ്റ് വിലകൾ ആവശ്യകതയും ലഭ്യതയും പരിഗണിച്ച് ഫിഫയ്ക്ക് ക്രമീകരിക്കാനാകുമെങ്കിലും ഇത് സ്വയമേവ മാറുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനമല്ലെന്നും ഫിഫ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.




