ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവർധനെ. രണ്ട് ഘട്ടങ്ങളിലായി എട്ട് സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച ജയവർധനെ മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്കും മുംബൈയെ നയിച്ചിട്ടുണ്ട്. പുതിയ സീസണിൽ പുതിയ പരിശീലകനു കീഴിലാകും മുംബൈ ഇന്ത്യൻസ് ഇറങ്ങുക.
ശനിയാഴ്ചയാണ് ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ജയവർധനെയുടെ പടിയിറക്കം സ്ഥിരീകരിച്ചത്. മുംബൈ ഇന്ത്യൻസിനൊപ്പമുള്ള ഓർമകൾ എന്നും ഹൃദയത്തോട് ചേർന്നുനിൽക്കുമെന്ന് ജയവർധനെ പ്രതികരിച്ചു. തന്നിൽ വിശ്വാസമർപ്പിച്ച നിത അംബാനിക്കും ആകാശ് അംബാനിക്കും നന്ദി അറിയിച്ച അദ്ദേഹം ടീമിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും വ്യക്തമാക്കി.
വെറുമൊരു പരിശീലകൻ എന്നതിലുപരി അച്ചടക്കവും ഒത്തൊരുമയും അടിസ്ഥാനമാക്കിയുള്ള മികച്ച ടീം സംസ്കാരം വളർത്തിയെടുക്കുന്നതിൽ ജയവർധനെ നിർണായക പങ്കുവഹിച്ചെന്ന് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. 2017 മുതൽ 2022 വരെയും 2024 മുതൽ 2026 വരെയുമാണ് അദ്ദേഹം ടീമിന്റെ മുഖ്യപരിശീലകനായി പ്രവർത്തിച്ചത്. ജയവർധനെയുടെ സംഭാവനകൾക്ക് നന്ദി അറിയിച്ച മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനി അദ്ദേഹത്തിന്റെ തുടർയാത്രയ്ക്ക് ആശംസകളും നേർന്നു.




