കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര് വാഹനാപകട കേസില് പ്രതി സുഹൈല് സജീവിന് ജാമ്യമില്ല. കേസില് പ്രതിചേര്ക്കപ്പെട്ട നാല് പേര്ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില് മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, പ്രതി സുഹൈല് സജീവ് മുന്പ് അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന സംശയത്തില് പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴയില് കഴിഞ്ഞ നവംബറില് ഉണ്ടായ മിനികൂപ്പര് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചു. ഇതേ മിനികൂപ്പറിന്റെ ചിത്രങ്ങള് സുഹൈല് സജീവിന്റെ ഇന്സ്റ്റഗ്രാം പേജില് കണ്ടതോടെയാണ് പഴയ കേസില് വീണ്ടും പരിശോധന.
നവംബറിലെ അപകടത്തില് പൊലീസ് കേസെടുത്തിരുന്നില്ല. രാഷ്ട്രീയ ഇടപെടലില് സംഭവം ഒത്തുതീര്പ്പായി. എന്നാല്, കാറില് സുഹൈല് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം. സുഹൃത്തിന്റെ കാറായിരുന്നതിനാല് ചിത്രം ഇന്സ്റ്റഗ്രാമില് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സുഹൈലിന്റെ ബന്ധുക്കള് പറയുന്നു.




