ന്യൂയോർക്ക്: നിർമിത ബുദ്ധിയുടെ അതിവേഗ വികസനത്തിൽ മുന്നറിയിപ്പുമായി പ്രമുഖ എഐ കമ്പനികളുടെ മേധാവികൾ. എഐ സാങ്കേതികവിദ്യ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് യുഎൻ രക്ഷാസമിതിയിൽ ആവശ്യമുയർന്നു.
എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും ഓപ്പൺഎഐ സി.ഇ.ഒ സാം ഓൾട്ട്മാനും ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡെയും ആവശ്യപ്പെട്ടു.
നിയന്ത്രണമില്ലാതെ എഐ വികസിക്കുന്നത് ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നാണ് ഇരുവരുടെയും മുന്നറിയിപ്പ്. എഐയുടെ ശേഷികൾ വിലയിരുത്തുന്നതിനും വിവിധ ദൗത്യങ്ങൾ നൽകുന്നതിനും സാധ്യതയുള്ള ഭീഷണികൾ കുറയ്ക്കുന്നതിനും ശക്തമായ സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണെന്ന് സാം ഓൾട്ട്മാൻ പറഞ്ഞു.
എഐയുടെ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഡാരിയോ അമോഡെയും മുന്നറിയിപ്പ് നൽകി. 2030നുള്ളിൽ മനുഷ്യരാശി ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന അമോഡെയുടെ നേരത്തെയുള്ള പരാമർശവും എഐ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു.
അമോഡെയുടെ നിലപാടിന് പിന്തുണയുമായി ഇലോൺ മസ്കും രംഗത്തെത്തി. ഡെമിസ് ഹസാബിസും എഐ കമ്പനികൾ സ്വതന്ത്ര മൂല്യനിർണയത്തിനും വിശകലനത്തിനും സഹകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, എഐ കമ്പനികൾക്ക് അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന നിർദേശത്തെ ഒരു വിഭാഗം വിമർശിക്കുന്നുണ്ട്. എഐ കമ്പനികൾ പരിശോധനകൾക്ക് വിധേയരാകണമെന്നതടക്കമുള്ള നിർദേശങ്ങളും ചർച്ചയായിട്ടുണ്ട്.
എഐയുടെ വികസനവും സുരക്ഷയും തമ്മിൽ എങ്ങനെ സന്തുലിതാവസ്ഥ ഉറപ്പാക്കാമെന്നതാണ് ഇനി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലുള്ള പ്രധാന ചോദ്യം.




