ലണ്ടൻ: ജനങ്ങളുടെ രാജകുമാരി ഡയാന വിടവാങ്ങിയിട്ട് ഇന്ന് 29 വർഷം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായും ജീവകാരുണ്യ പ്രവർത്തകയായും ലോകത്തിന്റെ ശ്രദ്ധ നേടിയ ഡയാന ഇന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു.
ദയയുടെയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായിരുന്നു ഡയാന. ചാൾസ് രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ ഡയാന, രാജകൊട്ടാരത്തിനുള്ളിൽ പോലും സ്ത്രീകൾ നേരിടുന്ന അവഗണനയും ദുരനുഭവങ്ങളും തുറന്നുപറഞ്ഞതോടെയാണ് ആഗോള ശ്രദ്ധ നേടിയത്.
ആൻഡ്രു മോർട്ടൻ രചിച്ച ‘ഡയാന: ഹെർ ട്രൂ സ്റ്റോറി’ എന്ന ജീവചരിത്രത്തിലൂടെ, ചാൾസ് രാജകുമാരനിൽനിന്ന് നേരിട്ട അവഗണനകളെക്കുറിച്ചും തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ഡയാന തുറന്നുപറഞ്ഞു. സ്വതന്ത്ര അസ്തിത്വത്തിനായി പോരാടുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ശബ്ദമായി ഡയാന മാറുകയായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് ഡയാനയെ ജനമനസ്സുകളിൽ കൂടുതൽ പ്രിയങ്കരിയാക്കിയത്. എയ്ഡ്‌സ് ബാധിതരുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ട ഡയാന, കുഴിബോംബ് നിരോധനത്തിനായും ശക്തമായി നിലകൊണ്ടു.
1997 ഓഗസ്റ്റ് 31-ന് പാരീസിൽ സുഹൃത്ത് ദോദി ഫെയ്ദിനൊപ്പമുള്ള യാത്രയ്ക്കിടെ പാപ്പരാസികളുടെ പിന്തുടരലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിലാണ് 36-കാരിയായ ഡയാന മരിച്ചത്.
കാലം മൂന്ന് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും, ജനങ്ങളുടെ രാജകുമാരിയെന്ന നിലയിൽ ഡയാനയുടെ ഓർമ്മകൾ ഇന്നും ലോകത്ത് സജീവമാണ്.




