ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം ഗെയിം’ന്റെ ജ്യൂക്‌ബോക്സ് പുറത്തിറക്കി. അഞ്ച് ഗാനങ്ങളാണ് ജ്യൂക്‌ബോക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം സെപ്റ്റംബർ മൂന്നിന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായ ‘ഐ ആം ഗെയിം’, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.
ദുൽഖറും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.
ദുൽഖർ സൽമാന്റെ നാൽപ്പതാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ വൻ താരനിരയോടെയാണ് എത്തുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയ് ഒരുക്കുന്ന സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളെന്നാണ് ട്രെയിലറും ഗാനങ്ങളും നൽകുന്ന സൂചന. സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐ ആം ഗെയിം’നുണ്ട്. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ജിംഷി ഖാലിദാണ് ഛായാഗ്രഹണം. ചമൻ ചാക്കോ എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും റോണക്സ് സേവ്യർ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നു.
സെപ്റ്റംബർ മൂന്നിന് തിയറ്ററുകളിലെത്തുന്ന ‘ഐ ആം ഗെയിം’നായി ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്.




