തിരുവനന്തപുരം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിക്കുന്നു. ദിനംപ്രതി ഏകദേശം മൂന്ന് രൂപയോളമാണ് വില ഉയരുന്നത്. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ ഇരട്ടിയോളം വിലയായി.
തിരുവനന്തപുരത്ത് സവാള കിലോയ്ക്ക് 60 മുതൽ 65 രൂപ വരെയാണ് വില. ഡൽഹിയിലാകട്ടെ കിലോയ്ക്ക് 62 രൂപയ്ക്ക് മുകളിലാണ് സവാള വില.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സർക്കാരിന്റെ വാദം. വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിശ്ചയിച്ച കേന്ദ്രങ്ങളിലും മൊബൈൽ വാനുകളിലും കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിൽക്കും.
അതേസമയം, സവാളയുടെ കയറ്റുമതി നിരോധനം നിലവിൽ പരിഗണനയിലില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകർക്ക് ന്യായമായ വില ലഭിക്കുകയും ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ സവാള വാങ്ങാൻ കഴിയുകയും വേണമെന്നാണ് മന്ത്രിയുടെ നിലപാട്.
ഉത്സവ സീസണിലെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ സവാള രാജ്യത്ത് ലഭ്യമാണെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാഫെഡ്, എൻ.സി.സി.എഫ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ, കേന്ദ്രീയ ഭണ്ഡാർ, മൊബൈൽ വാനുകൾ എന്നിവ വഴിയാണ് സബ്സിഡി നിരക്കിൽ സവാള വിൽക്കുന്നത്.
വിപണിയിലെ ലഭ്യത വർധിപ്പിച്ച് സീസണൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ ബഫർ സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നുണ്ട്. റെയിൽവേ വഴിയും റോഡ് മാർഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കാനും നടപടിയുണ്ട്.
എന്നാൽ കർഷകർക്ക് ലഭിക്കുന്ന വിലയും ചില്ലറ വിപണിയിലെ വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് കർഷക സംഘടനകളുടെ ആരോപണം.
വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ പൊറുതിമുട്ടുമ്പോൾ, വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലും ലഭ്യതക്കുറവും ചർച്ചയാകുകയാണ്.




