ഗുവാഹത്തി: അസമിൽ വൻ ലഹരിവേട്ട. 168 കോടി രൂപ വിലമതിക്കുന്ന യാബ ഗുളികകൾ പിടികൂടി. അസം റൈഫിൾസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കച്ചാർ ജില്ലയിൽ നടത്തിയ പരിശോധനയിൽ 5.6 ലക്ഷം യാബ ഗുളികകളാണ് പിടികൂടിയത്. ഏകദേശം 60 കിലോഗ്രാം ഭാരമുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.
മണിപ്പൂരിൽ നിന്ന് ദേശീയപാത 37 വഴി അസമിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. ഇതിനായി ഉപയോഗിച്ച ടാറ്റ ട്രക്കും അധികൃതർ കസ്റ്റഡിയിലെടുത്തു.
പിടിയിലായയാളെയും പിടിച്ചെടുത്ത മയക്കുമരുന്നും വാഹനവും തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അന്തർസംസ്ഥാന മയക്കുമരുന്ന് സിൻഡിക്കേറ്റിന് വലിയ തിരിച്ചടിയാണ് ഈ പിടികൂടലെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത് വഴികൾ തടയുന്നതിൽ അസം റൈഫിൾസും ഡിആർഐയും തമ്മിലുള്ള ഏകോപിത നീക്കത്തിന്റെ പ്രാധാന്യവും ഈ നടപടി വ്യക്തമാക്കുന്നു.




