ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതൽ കരുത്തേകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ആശംസ. സമൂഹമാധ്യമമായ എക്സിലൂടെയാണ് സന്ദേശം പങ്കുവച്ചത്.
രാഷ്ട്രപതി ദ്രൗപതി മുർമുവും മലയാളികൾക്ക് ഓണാശംസ നേർന്നു. സമ്പന്നമായ സംസ്കാരവും സാഹോദര്യവും വിളിച്ചോതുന്ന ആഘോഷമാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇത്തരം ആഘോഷങ്ങൾ നാനാത്വത്തിൽ ഏകത്വം കൂടുതൽ ഊട്ടിയുറപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഓണം എല്ലാവർക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഐശ്വര്യവും പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ ഓണം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും ആശംസിച്ചു. വള്ളംകളിയും നാടൻ കലകളും സംഗീതവും കായികവിനോദങ്ങളും കേരളത്തിന്റെ തനത് സംസ്കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.




