കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രനും മരിച്ചു. 34കാരനായ ജിനേഷാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മരണം. സുനിലിന്റെ വീട്ടിൽവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വട്ടോളി ഗവൺമെന്റ് എൽ.പി സ്കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു ജിനേഷ്. മൃതദേഹം വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ശനിയാഴ്ചയാണ് വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ പോത്ത് തിരിഞ്ഞെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുനിലിന്റെ മരണത്തിന് പിന്നാലെ നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. ഡി.എഫ്.ഒയെ തടഞ്ഞുവെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് കെ.എം. അഭിജിത്ത് എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നഷ്ടപരിഹാരം സംബന്ധിച്ച് ജില്ലാ കളക്ടറുമായി ഇന്ന് ചർച്ച നടക്കും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
സുനിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച രാത്രി ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സുനിലിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.




