നേപ്പാളിലുണ്ടായ മിന്നൽപ്രളയം: മരണം 584; 2,400-ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 584 ആയി. നേപ്പാളിലും ചൈനയുടെ ടിബറ്റ് മേഖലയിലുമായി 2,400-ലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. റസുവ, നുവാകോട്ട് മേഖലകളിലെ 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെയും കാണാതായിട്ടുണ്ട്.

ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് അപ്പർ ത്രീശൂലി-1 ജലവൈദ്യുത പദ്ധതിയിലാണ്. ദുരന്തസമയത്ത് ഇവിടെ ഏകദേശം 1,350 പേർ ജോലി ചെയ്തിരുന്നു. ഇതിൽ 576 പേരെ കാണാതായതായാണ് വിവരം. പദ്ധതികളിൽ ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്.

അതിനിടെ റസുവ ജില്ലയിൽ മറ്റൊരു പ്രളയഭീഷണിയും ഉയരുന്നു. പ്രദേശത്ത് രൂപപ്പെട്ട തടാകത്തിലെ ജലനിരപ്പ് ഉയരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. തടാകം കരകവിഞ്ഞൊഴുകാൻ തുടങ്ങിയതായും വെള്ളിയാഴ്ച വിവരം ലഭിച്ചതായി റസുവ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

ദുരന്തത്തിന് പിന്നാലെ പ്രദേശത്ത് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടതായി ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നു. ഹിമാനിക്ക് സമീപം ഉയർന്ന പ്രദേശത്താണ് ഒരു തടാകം രൂപപ്പെട്ടത്. ഹിമാനിയിൽനിന്ന് ഉരുകിയെത്തുന്ന വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് കാരണം.

രണ്ടാമത്തെ തടാകം കൂടുതൽ വലുതും അപകടകരവുമാണെന്നാണ് വിലയിരുത്തൽ. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് താഴ്‌വര തടസ്സപ്പെടുകയും നദിയുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്തതോടെയാണ് തടാകം രൂപപ്പെട്ടത്.

നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി തടാകത്തിലെ ജലനിരപ്പ് ഉയരുകയാണെന്നും ഏത് സമയത്തും കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേപ്പാളിലെ ലെഹെൻഡെ നദീസംവിധാനത്തിൽ ചോചെൻ ഖോല, പുരേപു സാങ്പോ നദികൾ സംഗമിക്കുന്നതിന് സമീപമാണ് അപകടകരമായ തടാകം രൂപപ്പെട്ടിരിക്കുന്നത്. ഭോട്ടെകോശി, ത്രിശൂലി നദികളുടെ ഒഴുക്കിന്റെ പാതയിലാണ് തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.

തടാകത്തിൽ നിലവിൽ 15 ലക്ഷം മുതൽ 20 ലക്ഷം ക്യുബിക് മീറ്റർ വരെ വെള്ളമുണ്ടെന്നാണ് ചൈനീസ് ജലവിഭവ മന്ത്രാലയത്തിന്റെ കണക്ക്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തടാകം പെട്ടെന്ന് തകർന്നാൽ മറ്റൊരു മിന്നൽപ്രളയത്തിന് കാരണമാകുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഇത് രക്ഷാപ്രവർത്തനത്തെയും കാണാതായവർക്കായുള്ള തിരച്ചിലിനെയും കൂടുതൽ ദുഷ്‌കരമാക്കും. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവനും പുതിയ ഭീഷണി ഉയർത്തുന്നുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തടാകത്തിന്റെ ആകാശനിരീക്ഷണവും ത്രിമാന മാതൃക തയ്യാറാക്കുന്നതിനുമായി എട്ട് അംഗ എൻജിനീയറിങ് സംഘത്തെ ചൈന നിയോഗിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് നേപ്പാളിലെ ടിബറ്റൻ അതിർത്തിക്ക് സമീപം മിന്നൽപ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമെന്നാണ് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ.

ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ ദുരന്തത്തിൽ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

spot_img

Related news

നേപ്പാളിൽ വീണ്ടും ഹിമതടാക ഭീഷണി; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകങ്ങൾ രൂപപ്പെടുന്നതായും അവ...

പ്രളയദുരന്തത്തിൽ നേപ്പാൾ; 538 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538...

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി നേപ്പാൾ മുന്നറിയിപ്പ് നൽകി....

നേപ്പാൾ പ്രളയം: മൃതദേഹത്തിൽ നിന്ന് ആഭരണം മോഷ്ടിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചെന്ന...

നേപ്പാളിലെ മിന്നൽ പ്രളയം; പൊന്നാനി സ്വദേശികളായ മലയാളി കുടുംബത്തെ കാണാതായി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ പൊന്നാനി സ്വദേശികളായ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും...