തൃശൂർ: നഗരത്തെ കീഴടക്കാൻ ഇന്ന് പുലികൾ സ്വരാജ് റൗണ്ടിലെത്തും. കുടവയർ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെച്ച് ഒൻപത് ദേശങ്ങളിൽ നിന്നായി 400-ഓളം പുലികളാണ് പുലിക്കളിയിൽ അണിനിരക്കുന്നത്.
ഉച്ചയോടെ വിവിധ ദേശങ്ങളിൽനിന്നുള്ള പുലിക്കൂട്ടങ്ങൾ മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും.
പുലിക്കളി പ്രമാണിച്ച് തൃശൂർ താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുക.
വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കാമുക്ക്, കാനാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് ദേശങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുന്നത്.
വരയൻപുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും ഇത്തവണത്തെ പുലിക്കളിക്ക് ആവേശം പകരും.
കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ വിയ്യൂർ ദേശം കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ഇന്ന് ഇറങ്ങുന്നത്.
പുലിക്കളിയുടെ ആവേശത്തിൽ തൃശൂർ നഗരം ഇന്ന് പൂർണമായും ഉത്സവലഹരിയിലാകും.




