വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി. സ്കൂട്ടർ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പ്രദേശത്ത് വ്യാപകമായി കൃഷിനാശം വിതച്ചാണ് ‘വാലുമുറിയൻ’ എന്നറിയപ്പെടുന്ന കാട്ടാനയുടെ വിഹാരം. വ്യാഴാഴ്ച രാവിലെ തരിയോട് എട്ടാംമൈൽ പമ്പ് ഹൗസിന് സമീപമായിരുന്നു സംഭവം.
റോഡരികിൽ മറച്ചുകെട്ടിയിരുന്ന ഷീറ്റ് തകർത്താണ് വാലുമുറിഞ്ഞ കാട്ടാന റോഡിലേക്ക് ഇറങ്ങിയത്. തുടർന്ന് റോഡിലൂടെ മുന്നോട്ട് നീങ്ങിയ ആന, സ്കൂട്ടറിന്റെ ശബ്ദം കേട്ടതോടെ പെട്ടെന്ന് തിരിഞ്ഞ് യാത്രക്കാരന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആനയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യാത്രക്കാരൻ സ്കൂട്ടറുമായി വേഗത്തിൽ കടന്നുപോവുകയായിരുന്നു.
കൽപ്പറ്റ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ സുഗന്ധഗിരി സെക്ഷൻ പരിധിയിൽപ്പെടുന്ന പ്രദേശമാണിത്. ‘മുറിവാലൻ കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാന പ്രദേശത്ത് സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാനയുടെ തുടർച്ചയായ സാന്നിധ്യം ജനങ്ങളുടെ ഭീതിയേറ്റുന്നതിനൊപ്പം കൃഷിനാശവും വർധിപ്പിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




