ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന.
56 തടവുകാരെ മാത്രം ഉൾക്കൊള്ളാവുന്ന ജയിലിൽ പ്രതി ചാടുമ്പോൾ ഉണ്ടായിരുന്നത് 117 തടവുകാരാണ്. ജയിൽ മതിലിനോട് ചേർന്നുള്ള അശാസ്ത്രീയ അടുക്കള നിർമ്മാണമാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ.
ജയിലിൽ ആകെ 18 ഉദ്യോഗസ്ഥരാണ് ഉള്ളത്. എന്നാൽ ഒരേസമയം ഡ്യൂട്ടിയിലുണ്ടാകുന്നത് അഞ്ച് പേർ മാത്രം. അവധിയെടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചാൽ മനോവീര്യം തകരുമെന്ന വിലയിരുത്തലിലാണ് നടപടി മയപ്പെടുത്താനുള്ള നീക്കം.
അതേസമയം, ജില്ലയിലെ മറ്റ് ജയിലുകളിലെയും സ്ഥിതി ഗുരുതരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ജയിൽ ചാടിയ പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും തിരിച്ചറിയാതിരുന്നതും ഗുരുതര വീഴ്ചയായാണ് അധികൃതർ കാണുന്നത്.
മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ സോനവാളാണ് ആലുവ സബ്ജയിൽ നിന്ന് രക്ഷപ്പെട്ടത്.
ജയിൽ ചാടിയ ശേഷം ആധാർ കാർഡ് വാങ്ങുന്നതിനായി പ്രതി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് ഇയാളെ തിരിച്ചറിയാനായില്ല.
ജയിൽ സുരക്ഷയിലും പൊലീസ് പരിശോധനയിലുമുണ്ടായ വീഴ്ചകൾ സംബന്ധിച്ച് കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നതിലാണ് ഇനി ശ്രദ്ധ.




