ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ബസ് ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി വീട്ടിൽ പറയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബന്ധുവിന്റെ വീടിന് സമീപം ഇറങ്ങേണ്ട സ്ഥലം മാറിപ്പോയതിനെ തുടർന്ന് നോയിഡയിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി.
ഇതിനിടെയാണ് നോയിഡയിലേക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സ്ലീപ്പർ ബസിലെ ജീവനക്കാർ പെൺകുട്ടിയെ സമീപിച്ചത്. ബസിൽ മറ്റൊരു യാത്രക്കാരും ഉണ്ടായിരുന്നില്ലെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.
ബസിൽ കയറിയതിന് പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് കശ്മീരി ഗേറ്റ് പ്രദേശത്ത് പെൺകുട്ടിയെ ഇറക്കിവിട്ടു.
ഉടൻ പൊലീസ് സ്റ്റേഷനിലെത്തിയ പെൺകുട്ടി സംഭവത്തെക്കുറിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാർക്കിങ് യാർഡിൽ നിന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസ് കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




