കൊച്ചി: നബിദിനാഘോഷങ്ങളിൽ പെൺകുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനവുമായി സമസ്ത എ.പി വിഭാഗം നേതാവും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകനുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി. നബിദിന ഘോഷയാത്രകളിൽ പെൺകുട്ടികളെ റോഡിലിറക്കി നൃത്തം ചെയ്യിക്കുന്ന സാഹചര്യമുണ്ടായെന്നും ഇത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്നും അസ്ഹരി പറഞ്ഞു.
ദീനിന്റെ കാര്യങ്ങൾ പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ പ്രദർശനവസ്തുവാക്കണമെന്ന ആശയത്തോട് യോജിക്കാനാകില്ലെന്നും ഇത്തരം നിലപാടുകൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും അസ്ഹരി പറഞ്ഞു.
സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ഉയരുന്ന ചില ആശയങ്ങളെയും അസ്ഹരി വിമർശിച്ചു. സ്ത്രീകൾ പ്രസവിക്കേണ്ടതില്ലെന്ന തരത്തിലുള്ള ആശയങ്ങൾ പുതിയ തലമുറയിൽ ശക്തമാകുന്നുവെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ സമൂഹം നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുക്കളയിലെ ജോലികൾ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്നും വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനെ പോലും താഴ്ത്തിക്കാണിക്കുന്ന സമീപനം സമൂഹത്തിൽ വളരുകയാണെന്നും അസ്ഹരി പറഞ്ഞു. സ്ത്രീകളെ യുക്തിവാദികൾ ബ്രെയിൻവാഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്നും എല്ലാവരും ഒരേ ഭക്ഷണവും ഒരേ സംസ്കാരവും പിന്തുടരണമെന്ന് നിർബന്ധിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അസ്ഹരി പറഞ്ഞു. ആത്മീയതയിലും അച്ചടക്കത്തിലും അധിഷ്ഠിതമായി ജീവിക്കാൻ മുസ്ലിം സ്ത്രീകൾ തീരുമാനിക്കുന്നതിനെ എതിർക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




