ഒട്ടാവ: കാനഡയിൽ വാടകക്കാരനെ ഉപദ്രവിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇന്ത്യൻ വംശജയായ വീട്ടുടമ.
തനിക്കെതിരായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വീട്ടുടമയായ രാജ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അപ്പോൾത്തന്നെ വിട്ടയച്ചതായി രാജ് പറഞ്ഞു. വാടകക്കാരുമായി മാസങ്ങളായി തർക്കമുണ്ടായിരുന്നുവെന്നും, പല മാസങ്ങളായി വാടക നൽകിയിരുന്നില്ലെന്നും വീട്ടുടമ ആരോപിച്ചു.
വാടകക്കാർ തന്നെ ഉപദ്രവിക്കുകയും താമസസ്ഥലത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തതായും രാജ് പറഞ്ഞു. തനിക്കെതിരായി പ്രചരിക്കുന്ന വീഡിയോകൾ പത്തുദിവസത്തിലേറെ മുൻപ് ചിത്രീകരിച്ചതാണെന്നും, എന്നാൽ കഴിഞ്ഞ ദിവസങ്ങളിലാണ് അവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതെന്നും വിശദീകരിച്ചു.
വാടകക്കാരുമായുള്ള തർക്കത്തിൽ ടെനൻസി ബോർഡിനെ സമീപിച്ചിരുന്നുവെന്നും, ബോർഡിന്റെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞയാഴ്ച വാടകക്കാരെ ഒഴിപ്പിച്ചെന്നും രാജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് തനിക്കെതിരായ വീഡിയോ പ്രചരിപ്പിച്ചതെന്നും അവർ ആരോപിച്ചു.
അതേസമയം, വീട്ടുടമയും വാടകക്കാരും തമ്മിലുള്ള തർക്കം ബീഫ് പാകംചെയ്തതിനെച്ചൊല്ലിയുള്ളതാണെന്ന പ്രചാരണം തെറ്റാണെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂംലൈവ് റിപ്പോർട്ട് ചെയ്തു.
വാടകക്കാർ വീടിന് പുറത്ത് ബാർബിക്യൂ തയ്യാറാക്കുന്നതും വീട്ടുടമ ഇതിനെ എതിർക്കുന്നതും തുടർന്ന് തർക്കവും കൈയാങ്കളിയും ഉണ്ടാകുന്നതുമാണ് പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്.
എന്നാൽ സംഭവത്തിന് പിന്നിൽ വർഗീയമോ മതപരമോ ആയ കാരണങ്ങളില്ലെന്നും ബീഫ് പാകംചെയ്തതുമായി ബന്ധപ്പെട്ട വിഷയമല്ല തർക്കത്തിന്റെ കാരണമെന്നും കനേഡിയൻ പൊലീസിനെ ഉദ്ധരിച്ച് ബൂംലൈവ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ പൊലീസും അഭിഭാഷകരും ഇടപെട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും, തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും വീട്ടുടമ പറഞ്ഞു.




