വളാഞ്ചേരി: കോട്ടക്കൽ നിയോജക മണ്ഡലത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന സ്റ്റെപ്സ് – സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകരുടെ യോഗം ചേരും.
മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷർ, ഉപാദ്ധ്യക്ഷർ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷർ, ഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി സ്‌കൂൾ പ്രധാനാധ്യാപകർ എന്നിവരുടെ യോഗമാണ് 25ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ചേരുന്നത്.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ, സാമൂഹിക, വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് വർഷങ്ങളായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘സ്റ്റെപ്സ്’.
പദ്ധതിയുടെ പുതിയ ഘട്ടത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൻ്റെയും കർമ്മ പദ്ധതി അവതരണത്തിൻ്റേയും ഭാഗമായാണ് പ്രധാനാധ്യാപകരുടെ യോഗം ചേരുന്നത്.
വിദ്യാർത്ഥികളുടെ അഭിരുചി, കഴിവ്, നൈപുണ്യം, താൽപര്യം എന്നിവ തിരിച്ചറിഞ്ഞ്, അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസ, ഉപരിപഠന, കരിയർ, തൊഴിൽ സാധ്യതകളിലേക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനാണ് സ്റ്റെപ്സ് 4.0-ൽ പ്രധാന പരിഗണന നൽകുന്നത്.
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളിലെ 9, 10, +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അഭിരുചി നിർണയം, കരിയർ ഗൈഡൻസ്, ഉപരിപഠന സാധ്യതകൾ, തൊഴിൽ അവസരങ്ങൾ, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.




