മലപ്പുറം: പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയ്ക്കെതിരായ നടപടി ശക്തമാക്കി. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലുടനീളം നടത്തിയ പരിശോധനയിൽ ഇതുവരെ 2.40 ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു.
അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും കണ്ടെത്തി നീക്കം ചെയ്യുന്നതിനൊപ്പം, നിയമലംഘകർക്കെതിരെ നടപടികളും പുരോഗമിക്കുകയാണ്. പൊതുനിരത്തുകളിലും റോഡരികുകളിലും നടപ്പാതകളിലും സ്ഥാപിക്കുന്ന ഇത്തരം ബോർഡുകൾ യാത്രക്കാർക്കും വാഹനഗതാഗതത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലയിൽ 27 പ്രത്യേക സ്ക്വാഡുകളാണ് രൂപീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പരിശോധന നടത്തും. അനധികൃത ബോർഡുകളും ബാനറുകളും കണ്ടെത്തിയാൽ നീക്കം ചെയ്യുന്നതിനൊപ്പം സ്ഥാപിച്ചവരിൽ നിന്ന് നിയമാനുസൃതമായി പിഴ ഈടാക്കും.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊലീസ്, കെ.എസ്.ഇ.ബി എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.




