മലപ്പുറം: പാതായ്ക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പറമ്പിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയത്.
മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വനംവകുപ്പിന്റെ സർപ്പ റെസ്ക്യൂ സംഘത്തിന്റെ സഹായത്തോടെ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി.
പരിക്കേറ്റ നിലയിലായിരുന്ന പാമ്പിനെ തുടർന്ന് പെരിന്തൽമണ്ണ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി ശരീരത്തിലെ പരിക്കുകൾ വിലയിരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്.
ആരോഗ്യനില മെച്ചപ്പെടുന്നതുവരെ പാമ്പിനെ നിരീക്ഷണത്തിൽ പാർപ്പിക്കാനാണ് തീരുമാനം. ചികിത്സ പൂർത്തിയായ ശേഷം വനംവകുപ്പ് അധികൃതർക്ക് കൈമാറും. ആരോഗ്യനില വീണ്ടെടുത്താൽ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കുന്നതിനായി വനമേഖലയിൽ തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കും.
ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്തുനിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സർപ്പ റെസ്ക്യൂ സംഘത്തിലെ ജബ്ബാർ ജൂബിലി, ഫാറൂഖ് പൂപ്പലം, നിസാം മാനത്തുമംഗലം, യദു പാതായ്ക്കര എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പരിക്കേറ്റതോ അപകടാവസ്ഥയിലുള്ളതോ ആയ വന്യജീവികളെ കണ്ടെത്തിയാൽ നേരിട്ട് പിടികൂടാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.




