കൊച്ചി: പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ട പായിപ്ര സ്വദേശിനി വിജി (44) യും 2 വയസുള്ള ആൺ കുഞ്ഞും, ഭർത്താവിനും മകൾക്കും ഒപ്പം പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് എത്തിയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരുടെയും മൃതദേഹം മുളക്കുളം പാലത്തിനു സമീപം കണ്ടെത്തിയത്. വിജിക്ക് കാഴ്ച പരിമിതിയുണ്ട്. ഭർത്താവിനെയും മകളെയും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.
വിജിയുടെ മൃതദേഹം പിറവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കോട്ടയം ജില്ലയിലെ വെള്ളൂർ സ്റ്റേഷൻ പരിധിയിലുമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം മണിക്കൂറുകൾക്ക് മുമ്പ് മൂത്ത മകളും ഭർത്താവ് നാരായണനുമുണ്ടായിരുന്നു. ഇവരെ ഇപ്പോഴും കണ്ടെത്താനായില്ല.
നാല് പേരും ഹോട്ടലിൽ നിന്ന് ഇറങ്ങുന്ന വീഡിയോയാണ് ലഭിച്ചത്. ഇവർ കോതമംഗലത്ത് വാടകക്ക് താമസിച്ചിരുന്നവരാണെന്ന് പൊലീസ് പറയുന്നു. വാടക കുടിശിക വന്നതോടെ താമസം മാറി, കോതമംഗലത്ത് പൊലീസ് സ്റ്റേഷനിൽ സഹായം അഭ്യർഥിച്ച് എത്തിയിരുന്നു. പൊലീസ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ സഹായം നൽകുകയും താമസിക്കാൻ വാടക വീട് നെല്ലിക്കുഴിയിൽ ഒരുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കുള്ളിൽ പുതിയ വാടകവീട്ടിൽ താമസിക്കാമെന്ന് പറഞ്ഞാണ് ഇവർ മടങ്ങിയത്. കടുത്ത ദാരിദ്ര്യവും വിജിയുടെ രോഗാവസ്ഥയിലും ഇവർ വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. അപകടമാണോ ജീവനൊടുക്കിയതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.




