വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിൽ തുടരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൽ.ഡി.എഫ് സർക്കാർ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ, ഉദ്ഘാടനത്തിന് ശേഷം നിർമ്മാണത്തിന്റെ വേഗം കുറഞ്ഞതായി വിലയിരുത്തപ്പെടുന്നു.
ഉദ്ഘാടനത്തിന് മുമ്പ് ഏകദേശം രണ്ടായിരത്തോളം തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പിന്നീട് തൊഴിലാളികളുടെ എണ്ണം 400 മുതൽ 500 വരെയായി കുറഞ്ഞിരുന്നു. തുടർന്ന് അത് 900ഓളം ആയി ഉയർന്നതായും ഇനിയും കൂടുതൽ തൊഴിലാളികളെ വിന്യസിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.
പദ്ധതിയുടെ കരാർ പ്രകാരം നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാലാവധി ഒക്ടോബർ വരെയാണ്. അതിന് മുമ്പായി ടൗൺഷിപ്പിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാക്കുമെന്ന് ഊരാളുങ്കലും കിഫ്കോൺ അധികൃതരും ഉറപ്പ് നൽകിയതായി മന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി.
ടൗൺഷിപ്പ് നിർമ്മാണ പുരോഗതി സർക്കാരും ഇതിനായി രൂപീകരിച്ച ഉപസമിതിയും നിരന്തരം വിലയിരുത്തുന്നുണ്ടെന്നും, തുടർന്നും അവലോകന യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.
സർക്കാർ ടൗൺഷിപ്പിൽ ആകെ 410 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടമായി 178 വീടുകൾ ദുരന്തബാധിതർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന 232 വീടുകളുടെ നിർമ്മാണമാണ് ഇനി പൂർത്തിയാകാനുള്ളത്.




