കരേക്കാട് അറവുമാലിന്യ പ്ലാന്റ് നിർമ്മാണം: എടയൂർ വില്ലേജ് ഓഫീസറെ ജനകീയ സമിതി ഉപരോധിച്ചു

എടയൂർ ഗ്രാമപഞ്ചായത്തിലെ കരേക്കാട് പുല്ലംപറമ്പ് പ്രദേശത്ത് ജനവാസ മേഖലയിൽ ആരംഭിക്കാനിരിക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. സർക്കാർ മിച്ചഭൂമിയിൽ നിന്നും പതിച്ചുനൽകിയ സ്ഥലവും ഈ ഭൂമിയിലേക്ക് സർക്കാർ അനുവദിച്ച പൊതുവഴിയും അനധികൃതമായി കയ്യേറിയാണ് ഫാക്ടറിയുടെ നിർമ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ജനകീയ സമരസമിതി
​കഴിഞ്ഞ മെയ് രണ്ടാം തീയതി പ്ലാന്റിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പ്രക്ഷോഭം നടന്നിരുന്നു. തുടർന്ന് സമരസമിതി അംഗങ്ങൾ എടയൂർ വില്ലേജ് ഓഫീസിലും തിരൂർ താലൂക്ക് ഓഫീസിലും പ്രത്യേക പരാതികൾ സമർപ്പിച്ചു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ തിരൂർ താലൂക്ക് ഓഫീസിൽ നിന്നും സർവേയർ എത്തി സ്ഥലം അളന്നു തിട്ടപ്പെടുത്തുകയുണ്ടായി. താലൂക്ക് സർവേയർ തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കും സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിൽ, സർക്കാർ മിച്ചഭൂമിയിലേക്ക് പതിച്ചുനൽകിയ വഴി കൈയേറിയാണ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വ്യക്തമായി കണ്ടെത്തിയിരുന്നു.
​ഇതിന്റെ പശ്ചാത്തലത്തിൽ, പ്രസ്തുത ഭൂമിയിൽ നടക്കുന്ന അറവുമാലിന്യ സംസ്കരണ പ്ലാന്റിന്റെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എടയൂർ വില്ലേജ് ഓഫീസർ കഴിഞ്ഞ ജൂൺ 11-ന് സ്ഥാപനത്തിന് ഔദ്യോഗികമായി ‘സ്റ്റോപ്പ് മെമ്മോ’ നൽകിയിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങളുടെ ഉത്തരവുകളെ തികച്ചും അനാദരിച്ചുകൊണ്ട് കമ്പനി അധികൃതർ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്.
​വില്ലേജ് ഓഫീസറുടെ ഉത്തരവ് ലംഘിച്ച് നിർമ്മാണം തുടരുന്ന വിവരം പ്രദേശവാസികൾ വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, പണി തടയാനോ കമ്പനിക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനോ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായില്ല. നിയമലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു എന്നാരോപിച്ച് ഇന്ന് 18-06-2026 ന് ജനകീയ സമിതി അംഗങ്ങൾ എടയൂർ വില്ലേജ് ഓഫീസ് ഉപരോധിക്കുകയും വില്ലേജ് ഓഫീസറെ തടഞ്ഞുവെക്കുകയും ചെയ്തു.
​പ്രതിഷേധം ശക്തമായതിനെ തുടർന്ന് വില്ലേജ് ഓഫീസർ തിരൂർ തഹസിൽദാരുമായി ഫോണിൽ ബന്ധപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്ക് വീണ്ടും അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഇനി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ പോലീസിനെ വിവരമറിയിച്ച് പണി പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും വില്ലേജ് ഓഫീസർ സമരസമിതിക്ക് ഉറപ്പുനൽകി. ഈ ഉറപ്പിന്മേലാണ് താല്ക്കാലികമായി ഉപരോധം അവസാനിപ്പിച്ചത്.
​എന്നാൽ, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഇനിയും എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ ഉണ്ടാകുകയാണെങ്കിൽ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും, ജനകീയ സമിതി നേരിട്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടയുമെന്നും ഭാരവാഹികൾ അറിയിച്ചു.
​പ്രതിഷേധങ്ങൾക്ക്‌ ജനകീയ സമിതി ഭാരവാഹികളായ ഗ്രാമ പഞ്ചായത്ത്‌ വൈ: പ്രസിഡന്റ് എ കെ മുസ്തഫ, എ കെ റിഫായി, എ പി നാസർ, പി കെ സിക്കന്ദർ, എ കെ മാനു, കെ ബഷീർ, യു ടി അസീസ്, കെ സൈതലവി, പി പി ബാപുട്ടി, സി കെ അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

spot_img

Related news

വ്യത്യസ്തനാമൊരു ഡ്രൈവറാം നസ്‌റുവിനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

സര്‍ക്കാര്‍ ജോലി എന്ന ഒറ്റലക്ഷ്യത്തിനൊപ്പം തന്റെ ഇഷ്ടപ്പെട്ട പാഷനിലേക്കുള്ള യാത്രയിലേക്ക് അടുക്കുന്ന...

കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക ജനറൽ ബോഡി ഇന്ന്

കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി...

കരിപ്പൂരിൽ വീണ്ടും ‘സ്വർണ്ണം പൊട്ടിക്കൽ’ ക്വട്ടേഷൻ സംഘങ്ങൾ; പാർക്കിംഗ് ഏരിയയിൽ നിന്ന് 13 പേർ വലയിൽ

കരിപ്പൂർ വിമാനത്താവള പരിസരത്ത് വീണ്ടും സ്വർണ്ണക്കടത്ത്-പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന സൂചനകളെത്തുടർന്ന് പോലീസ്...

തുരങ്കമുണ്ടാക്കി അകത്തുകയറി, വീടാകെ അരിച്ചുപെറുക്കി; പക്ഷേ മോഷ്ടാക്കൾക്ക് നിരാശ, അമരമ്പലത്ത് വൻ മോഷണശ്രമം

മലപ്പുറം അമരമ്പലത്ത് ആളില്ലാത്ത വീടിന്റെ ഭിത്തി തുരന്ന് വൻ മോഷണശ്രമം. അമരമ്പലം...