ബെംഗളൂരു: ബെംഗളൂരുവിനെ നടുക്കിയ കൂട്ടക്കൊലക്കേസിൽ നിർണായക അറസ്റ്റ്. പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ സ്വന്തം അമ്മയെയും അച്ഛനെയും ഇളയ സഹോദരിയെയും യുവതി കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശ്വേതയുടെ ലിവ്-ഇൻ പങ്കാളിയായ കെന്നത്തും അറസ്റ്റിലായി.
കെ.ആർ. പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സീഗെഹള്ളിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയമകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്തമകളാണ് കേസിലെ മുഖ്യപ്രതിയായ ശ്വേത.
പൊലീസ് അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ശ്വേതയ്ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടും പ്രണയബന്ധവുമായി ബന്ധപ്പെട്ടും മാതാപിതാക്കളുമായുള്ള നിരന്തര തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവദിവസം വൈകിട്ട് കെന്നത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, ആദ്യം വീട്ടിലുണ്ടായിരുന്ന അമ്മ മുത്തുലക്ഷ്മിയുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് വാളുപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് വീട്ടിലെ രക്തക്കറകൾ വൃത്തിയാക്കിയ ശേഷമാണ് വീട്ടിലെത്തിയ സഹോദരി സുപ്രിയയെയും കൊലപ്പെടുത്തിയത്.
അൽപസമയത്തിനുശേഷം വീട്ടിലെത്തിയ സോമസുന്ദറെയും ഇരുവരും ചേർന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വീടിന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
ചെറുപ്പം മുതൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അമ്മ അനുവദിച്ചിരുന്നില്ലെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോകാനോ പോലും സ്വാതന്ത്ര്യമില്ലായിരുന്നുവെന്നും ശ്വേത മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രണയബന്ധത്തെ എതിർത്തതും വൈരാഗ്യം വർധിക്കാൻ കാരണമായെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
കൊലപാതകത്തിന് പിന്നാലെ പോണ്ടിച്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന കെന്നത്തിനെ പിന്നീട് പുതുച്ചേരിയിലെ ഒരു ബാറിൽ നിന്ന് പിടികൂടി. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.




