നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി “സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ”യായി പ്രവർത്തിച്ചിരുന്ന സംഘടന ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് വിവിധ വിഷയങ്ങളിൽ വിമർശനം ഉന്നയിച്ച ബൽറാം, “കേരളത്തിലെ പാരസൈറ്റുകളെ തൂത്തെറിയണം” എന്ന പരാമർശവും നടത്തി. പത്ത് വർഷമായി ഒരു ‘കമ്മി ഇക്കോസിസ്റ്റം’ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പി.എസ്.സി പരീക്ഷാ അട്ടിമറി സംബന്ധിച്ച പരാതികളും, കേസ് അട്ടിമറിച്ച പബ്ലിക് പ്രോസിക്യൂട്ടർമാർ ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരത്തിലുള്ള സംവിധാനങ്ങളെ നീക്കം ചെയ്യണമെന്ന് ബൽറാം ആവശ്യപ്പെട്ടു.
പി.എം.എ.വൈ ബ്രാൻഡിംഗും ആശുപത്രികളുടെ പേരിടലും സംബന്ധിച്ച വിഷയങ്ങളിലും അദ്ദേഹം വിമർശനം ഉയർത്തി. മുൻ സർക്കാരിന്റെ കാലത്തെ നടപടികൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എസ്.ആർ.ടി.സി സൗജന്യ യാത്രാ വിഷയത്തിലും ബൽറാം പ്രതികരിച്ചു. മലബാറിൽ കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




