മുംബൈയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത് കൂട്ടക്കൊലയ്ക്ക് ശ്രമിച്ചെന്ന കേസിലെ പ്രതിയുടെ മാനസിക നില പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. കസ്റ്റഡിയിലുള്ള പ്രതി പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.
വേദനസംഹാരിയെന്ന പേരിൽ സിങ്ക് ഫോസ്ഫൈഡ് അടങ്ങിയ വിഷഗുളികകൾ വിതരണം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. പതിനയ്യായിരത്തോളം ഗുളികകൾ തയ്യാറാക്കിയതായും, കൂട്ടക്കൊലയായിരുന്നു ലക്ഷ്യമെന്ന് പ്രതി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. എന്നാൽ ഇതിന് പിന്നിലെ പ്രേരണ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊഴി മുംബൈ പൊലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയും രേഖപ്പെടുത്തി. വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം, പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയത്തിലും അന്വേഷണം തുടരുകയാണ്. സമീപകാലത്ത് ഇറാനും ഇറാഖും സന്ദർശിച്ചതിനെക്കുറിച്ചും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നു.
സംഭവത്തിൽ വിഷഗുളിക കഴിച്ച് ചികിത്സയിലായിരുന്ന 12 പേരുടെയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.




