സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് പടനിലം മീൻകുഴി പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷെഫീഖ് (23) അറസ്റ്റിലായി.
ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തുവന്നത്.
മൈസൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കർണാടക ആർടിസി ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് യാത്രക്കാരനായ ഷെഫീഖിന്റെ ബാഗിൽ നിന്നായി 5.785 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
ടേപ്പ് ഉപയോഗിച്ച് രണ്ട് പാക്കറ്റുകളാക്കി ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പരിശോധനയ്ക്കിടെ സംശയാസ്പദമായി പെരുമാറിയ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ലഹരി കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്ന് ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയോടൊപ്പം ബന്ധപ്പെട്ട മറ്റൊരാളെ കൂടി പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.




