പൂനെ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിച്ചതായ നിഗമനത്തിലേക്ക് പൊലീസ്. യുവതിയുടെ കാമുകനായ ചേതനുമായുള്ള ബന്ധം കുടുംബത്തിന് നേരത്തെ അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളെ പൊലീസ് 10 മണിക്കൂറോളം ചോദ്യം ചെയ്തു. സഹോദരനെയും ചോദ്യം ചെയ്തതിനു പിന്നാലെയാണ് മാതാപിതാക്കളിലേക്ക് അന്വേഷണം നീണ്ടത്.
സിയാ ഗൊയൽയും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ച് പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് കാണുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ തെളിവായാണ് പൊലീസ് ഇതിനെ കാണുന്നത്. കൊലപാതകത്തിന് തലേന്ന് പൂനെയിലെ ഒരു കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സിയയുടെ സഹോദരൻ സാഹിലിനെയും ചേതന് പരിചയമുണ്ടെന്നും ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സഹോദരനുമായി നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മാതാപിതാക്കളെയും വീണ്ടും ചോദ്യം ചെയ്തത്.
കൊലപാതക വാർത്ത വന്നതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
സാമ്പത്തികമായി ശക്തമായ കുടുംബ പശ്ചാത്തലമുള്ള കേതൻ അഗർവാളുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നുവെന്നും ഈ ബന്ധത്തോട് യുവതി അനാസക്തി പ്രകടിപ്പിച്ചതായും പൊലീസ് പറയുന്നു. കുടുംബം വിവാഹത്തിന് സമ്മർദ്ദം ചെലുത്തിയതായാണ് നിലവിലെ നിഗമനം.
കേതനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ യുവതി ശ്രമിച്ചതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കേതൻ അതിന് തയ്യാറായിരുന്നില്ല. കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് കേതന്റെ കുടുംബവും പൊലീസിനെ അറിയിച്ചിട്ടുണ്ട്.




