കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമതർക്കെതിരെ കടുത്ത വിമർശനവുമായി പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി. വിമതരെ “രാജ്യദ്രോഹികൾ” എന്ന് വിശേഷിപ്പിച്ച മമത, തൃണമൂൽ കോൺഗ്രസിനെ താൻ തന്നെ നയിക്കുമെന്നും വ്യക്തമാക്കി.
ഓൺലൈനായി നടത്തിയ വാർത്താസമ്മേളനത്തിലാണ് മമത ബാനർജി വിമത വിഭാഗത്തിനെതിരെ ശക്തമായ പ്രതികരണം നടത്തിയത്. പാർട്ടി വിട്ടവരെ അവഗണിക്കുന്നുവെന്നും അവർ രാജ്യദ്രോഹികളാണെന്നും പറഞ്ഞ മമത, നേതാക്കളെക്കാൾ തനിക്ക് പ്രാധാന്യം പാർട്ടി അണികൾക്കാണെന്നും കൂട്ടിച്ചേർത്തു. “ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ വിമതർക്കു ധൈര്യമുണ്ടോ” എന്നും അവർ ചോദിച്ചു.
അതേസമയം, പാർട്ടി സംസ്ഥാന അധ്യക്ഷപദം രാജിവച്ച ചന്ദ്രിമ ഭട്ടാചാര്യ, പാർട്ടി സംസ്ഥാന ആസ്ഥാനം വിമതർക്കായി വിട്ടുനൽകിയെന്ന ആരോപണത്തിൽ മനംനൊന്താണ് രാജിയെന്ന പ്രതികരണവുമായി രംഗത്തെത്തി. രാജിവെച്ച ശേഷം നിയമസഭയിലെത്തി വിമത നേതാക്കളുമായി അവർ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മിലുള്ള അവകാശവാദങ്ങൾ ശക്തമായിരിക്കുകയാണ്. ഔദ്യോഗിക പാർട്ടിയെ അംഗീകരിച്ച് നിലപാട് സമർപ്പിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു.
വിമത പക്ഷത്തിന് നിയമസാധ്യത ഇല്ലെന്നും, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പാർട്ടി ഭരണഘടനാപരമായ നടപടികൾ പാലിച്ചതാണെന്നും മമത പക്ഷം അവകാശപ്പെടുന്നു.




