കൊല്ലം: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ബലമായി സ്വകാര്യ ബസിൽ കയറ്റിയെന്ന പരാതിയിൽ ബസ് ജീവനക്കാരനെതിരെ പൊലീസ് നടപടി. ശനിയാഴ്ച രാവിലെ 10.30ഓടെ കുണ്ടറ മുക്കടയിൽ നടന്ന സംഭവത്തിലാണ് ഹരിപ്പാട് സ്വദേശിനി സുധ പരാതിയുമായി രംഗത്തെത്തിയത്.
മുക്കടയിൽ നിന്ന് കാഞ്ഞിരക്കോട് ക്രിസ്തുരാജ് മുക്കിലേക്ക് ഓട്ടോറിക്ഷയിൽ പോകാനിരുന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ച് ബസിൽ കയറ്റിയെന്നാണ് പരാതി. യാത്രയ്ക്കിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
ക്രിസ്തുരാജ് മുക്കിൽ ഇറങ്ങിയ ശേഷവും ജീവനക്കാരൻ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വീട്ടമ്മ പരാതിയിൽ ആരോപിച്ചു. സംഭവത്തെ തുടർന്ന് ബസ് ജീവനക്കാരനെ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.
പൊലീസ് സ്റ്റേഷനിൽ എത്തിയ ബിനു പരാതിക്കാരിയോട് തെറ്റ് സമ്മതിച്ച് മാപ്പ് പറയുകയും വികാരാധീനനായി കരയുകയും ചെയ്തു. ഇതോടെ സുധ പരാതി പിൻവലിക്കാൻ തീരുമാനിച്ചു. തുടർന്ന് പൊലീസ് കർശന താക്കീത് നൽകി ബസ് ജീവനക്കാരനെ വിട്ടയച്ചു.




