കോഴിക്കോട്: അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിക്കാത്തതിൽ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഹായ സമിതി ഇന്ന് യോഗം ചേരും. വരവ്–ചെലവ് കണക്കുകൾ യോഗത്തിൽ വിശദമായി അവതരിപ്പിക്കുമെന്ന് സമിതി അറിയിച്ചു.
ഇത് സംബന്ധിച്ച് നിയമസഹായ സമിതി ഔദ്യോഗിക നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിലാണ് യോഗം നടക്കുക.
മോചനദ്രവ്യം നൽകിയതിന് ശേഷം ബാക്കിയുള്ള ഏകദേശം പത്ത് കോടി രൂപയുടെ വിനിയോഗത്തെക്കുറിച്ച് വ്യക്തത ഇല്ലാത്തതിനെ തുടർന്നാണ് വിഷയത്തിൽ വിമർശനം ഉയർന്നത്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഈ വിഷയത്തിൽ ചർച്ചകൾ ശക്തമായിരുന്നു.
എന്നാൽ അധികമായി പിരിച്ച തുക ബാങ്കിൽ സുരക്ഷിതമായി നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഹായ സമിതി മുമ്പ് വ്യക്തമാക്കിയിരുന്നു. പണത്തിന്റെ കണക്കു പറയേണ്ടത് സമിതിയാണെന്നും തങ്ങൾക്ക് അതിൽ അവകാശവാദമില്ലെന്നും അബ്ദുൽ റഹീമിന്റെ കുടുംബം പ്രതികരിച്ചു.
അതേസമയം, ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച ബാക്കി തുകയുടെ വിനിയോഗം സംബന്ധിച്ച് ദാതാക്കളുടെ അഭിപ്രായം തേടണമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ അഭിപ്രായപ്പെട്ടു. ഇൻസ്റ്റഗ്രാം പേജിലൂടെ പൊതുജനാഭിപ്രായം ശേഖരിച്ച് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും പണം ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
2006 ഡിസംബർ 24-ന് സൗദി അറേബ്യയിൽ നടന്ന സംഭവത്തെ തുടർന്ന് അബ്ദുൽ റഹീം അറസ്റ്റിലാകുകയായിരുന്നു. കഴുത്തിന് താഴെ ചലനശേഷിയില്ലായിരുന്ന അനസ് അൽ ഷഹ്രി മരിച്ചതിനെ തുടർന്ന് കൊലക്കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
ക്രൗഡ് ഫണ്ടിങ്ങിലൂടെ ആകെ 46 കോടി രൂപയാണ് ശേഖരിച്ചത്. ദിയാധനത്തിന് ശേഷം ശേഷിച്ച തുകയുടെ വിനിയോഗത്തിലാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്.




