പത്തനംതിട്ട: സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി വ്യാജമാണെന്ന് പൊലീസ്. സഹപാഠിക്ക് തന്നോട് പ്രണയമില്ലാത്തതിലുള്ള നിരാശയാണ് പരാതി നൽകാൻ കാരണമായതെന്ന് പെൺകുട്ടി അന്വേഷണസംഘത്തോട് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഇതോടെ കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയാണ്.
പെൺകുട്ടി പൊലീസിനും മജിസ്ട്രേറ്റിനും മുമ്പാകെ നൽകിയ മൊഴികളിൽ ലൈംഗിക പീഡനം നടന്നതായി പരാമർശിച്ചിട്ടില്ല. രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ക്ലോസ് ചെയ്യാൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചൈൽഡ്ലൈനിന് മുമ്പാകെ പെൺകുട്ടി ഇത്തരമൊരു മൊഴി നൽകാൻ ഇടയായ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, വൈദ്യപരിശോധനയിൽ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.
സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പിന്നീട് പെൺകുട്ടി മൊഴി മാറ്റിയതിനെ തുടർന്ന്, മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്തവരെ നേരത്തെ വിട്ടയച്ചിരുന്നു.
ആദ്യ പരാതിയിൽ പത്ത് പേരുടെ പേരുകളാണ് പെൺകുട്ടി പറഞ്ഞിരുന്നത്. ഇവരെയെല്ലാം പൊലീസ് കണ്ടെത്തുകയും, അതിൽ ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സ്കൂളിലെ ശുചിമുറിയിൽ വെച്ചാണ് സഹപാഠികൾ ലൈംഗികമായി പീഡിപ്പിച്ചതെന്നായിരുന്നു പ്രാഥമിക പരാതി.




