കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ കരുമല ഭാഗത്തായിരുന്നു സംഭവം. നായയുടെ കടിയേറ്റവർ ചികിത്സ തേടി.
ചത്ത നായയെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി.
അസാധാരണമായി പെരുമാറുന്ന മൃഗങ്ങളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.
രണ്ട് വാർഡുകളിൽ പേവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വളർത്തുനായകൾക്കും പൂച്ചകൾക്കും പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാനും പഞ്ചായത്ത് നിർദേശം നൽകി. മൂന്ന് മാസം പ്രായം കഴിഞ്ഞ നായകൾക്കും പൂച്ചകൾക്കും വാക്സിനേഷൻ നിർബന്ധമാക്കണമെന്നും വാക്സിൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ലൈസൻസ് എടുക്കണമെന്നും അറിയിച്ചു.
ചൊവ്വാഴ്ച വെറ്ററിനറി ഡിസ്പെൻസറികളിൽ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ നടത്തുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.




