തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടി.ഐ.എൽ ഹെൽത്ത്കെയർ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിൽ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.
സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. വിവരമറിഞ്ഞയുടൻ ശ്രീ സിറ്റി പൊലീസും അഗ്നിരക്ഷാ സേനയും ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അപകടത്തിന് പിന്നാലെ പൊലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സാങ്കേതിക തകരാറാണോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തുന്നതിനായി കമ്പനി അധികൃതരിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സംഭവത്തിൽ ആന്ധ്രാപ്രദേശ് സർക്കാർ അനുശോചിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.




