ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം എംപിമാരുടെ പ്രതിഷേധം. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കാണ് എംപിമാർ പ്രതിഷേധ മാർച്ച് നടത്തിയത്.
‘സേവ് ഡെമോക്രസി’ ബാനറുമായാണ് പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവും രംഗത്തെത്തി. ബി.ജെ.പിക്ക് അവരുടെ ഓഫീസ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സ്ഥാപിക്കാമെന്നായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ആർ.എസ്.എസ് യൂണിഫോം ധരിച്ച കട്ടൗട്ടുകളും പ്രതിഷേധക്കാർ ഉയർത്തി. പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലപ്രയോഗത്തിലൂടെ എംപിമാരെ നീക്കി. ഇ.ടി. മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ് തുടങ്ങിയ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
സംഭവത്തിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോൺഗ്രസ് തീരുമാനം. ശനിയാഴ്ച മുതൽ ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ ക്യാമ്പയിൻ ആരംഭിക്കും. നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ മഹാറാലിയും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.




