ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും.
ഒക്ടോബർ ഒൻപതിന് രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംഘടനകൾ അറിയിച്ചു. പിന്നാലെ പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഒക്ടോബർ പത്തിന് ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിജെപി പ്രഖ്യാപിച്ച സമരത്തിനും ഡിവൈഎഫ്ഐയും എസ്എഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു.
ഡൽഹി പൊലീസ് എവിടെ തടഞ്ഞാലും ആ സ്ഥലം ജന്തർ മന്തറാക്കി പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ദീപ്കെ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന് ആം ആദ്മി പാർട്ടിയും ഐസയും ആരോപിച്ചു. ഇന്നലെ മാത്രം 1,100 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ആരോപണം.
അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റുന്നതിനിടെ ഒരു യുവാവിന്റെ മുഖത്ത് പൊലീസ് മർദിക്കുന്ന ദൃശ്യങ്ങളും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. സംഭവത്തിൽ പൊലീസിനെതിരെ വിമർശനവും ശക്തമാണ്.
ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് സഖ്യം മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, രാജ്യവ്യാപക പ്രതിഷേധങ്ങൾ ഏകോപിപ്പിക്കാൻ കോൺഗ്രസ് ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ പോർട്ടലിനും തുടക്കമിട്ടു. ചെറുതും വലുതുമായ പ്രതിഷേധ പരിപാടികൾ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.




