കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക് സമീപം വലിയ ഉടുമ്പിനെ കണ്ടെത്തി. മന്ത്രി ടി. സിദ്ദിഖ് എത്തുന്നതിന് മുൻപായിരുന്നു സംഭവം.
ചടങ്ങിനായി വേദിയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ഉടുമ്പിനെ കണ്ടെത്തിയത്. തുടർന്ന് സർപ്പ വോളന്റിയർമാരെ വിവരം അറിയിച്ചെങ്കിലും ഉടുമ്പായതിനാൽ അവർ ഇടപെടാൻ തയ്യാറായില്ല. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
ഉടുമ്പ് തനിയെ കാട്ടിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ വേദിക്ക് സമീപമെത്തിയാൽ പ്രശ്നമാകുമെന്ന ആശങ്കയെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സീനിയർ ഫോറസ്റ്റ് ഓഫീസർ സുനിത് പി. നായരുടെ നേതൃത്വത്തിൽ വനംവകുപ്പ് സംഘം ഉടുമ്പിനെ പിടികൂടി. കോടനാട്ടെ വനപ്രദേശത്ത് ഉടുമ്പിനെ തുറന്നുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.




