രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെത്തുടർന്ന് രാജ്യമൊട്ടാകെ അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതാണ് കടുത്ത ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും, ചൂട് കുറയാൻ പാകത്തിന് മഴ ശക്തമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി, ജൂൺ 16 മുതൽ തിരികെ നൽകേണ്ട സമയമാണിത്. അധിക വൈദ്യുതി കണ്ടെത്താൻ കെഎസ്ഇബി ‘ഡീപ് കരാറുകൾക്കായി’ ശ്രമിച്ചെങ്കിലും രാജ്യത്തെ പൊതുവായ എൽനിനോ പ്രതിസന്ധി കാരണം അത് വിജയിച്ചില്ല. ഈ സവിശേഷ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യത വെറും 5% ആയി ചുരുങ്ങി. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ മാത്രം 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്.
ലഭ്യതയും ആവശ്യകതയും തമ്മിൽ വലിയ വ്യത്യാസമുള്ളതിനാൽ ജൂൺ 16 മുതൽ 30 വരെ സംസ്ഥാനത്ത് ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെടുക. ഇതിന്റെ ഭാഗമായി ജൂൺ 16-ന് രാത്രി 9 നും 12 നും ഇടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബിയുമായി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.




