എറണാകുളം റൂറൽ ജില്ലാ പോലീസിന്റെ ‘ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ’ ഭാഗമായുള്ള പരിശോധനയിൽ രണ്ട് ക്രിമിനലുകൾ കൂടി പിടിയിൽ. അറുപതോളം കേസുകളിൽ പ്രതിയായ ‘കായ്ക്കുരു രാഗേഷ്’, കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ജുഗൽ എന്നിവരെയാണ് അങ്കമാലി പോലീസ് സാഹസികമായി പിടികൂടിയത്.
അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശി രാഗേഷ് (42), വാടാനപ്പള്ളി സ്വദേശി ജുഗൽ (21) എന്നിവരാണ് അറസ്റ്റിലായത്. ഹൈവേ കൊള്ള കേസിൽ കർണാടകയിലെ ജയിലിൽ നിന്നും കഴിഞ്ഞ ജൂൺ അവസാനമാണ് രാഗേഷ് പുറത്തിറങ്ങിയത്. 11 കേസുകളിൽ പ്രതിയായ ജുഗലിനെതിരെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നതാണ്. അങ്കമാലിയിൽ ഹൈവേ കൊള്ള നടത്തുന്നതിനായി ഒത്തുകൂടിയ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് നടന്ന വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവരെ കത്തി സഹിതം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലെ വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റ് പ്രതികളെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനങ്ങൾ കൊള്ളയടിക്കാൻ പദ്ധതിയിടുകയായിരുന്നു ഈ സംഘം. ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി ഇതുവരെ 25-ഓളം ക്രിമിനലുകളെയാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.




