സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട്; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

ചെന്നൈ: പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർക്ക് യാത്രാസുഖവും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ബസുകളിൽ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കി തമിഴ്‌നാട് സർക്കാർ. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുന്നവർ നിർബന്ധമായും ഹെഡ്‌സെറ്റോ ഇയർഫോണോ ഉപയോഗിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ബസുകളിൽ ഉച്ചത്തിൽ പാട്ടുവെക്കുന്നതിനും സ്പീക്കർ മോഡിൽ സംസാരിക്കുന്നതിനും കർശന വിലക്കുണ്ട്. ചെന്നൈ മെട്രോയിൽ സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാനത്തെ എല്ലാ സർക്കാർ ബസുകളിലേക്കും ഈ ചട്ടം വ്യാപിപ്പിച്ചിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ:

  • ഡ്രൈവർമാർക്കും ജീവനക്കാർക്കും: ബസിൽ ഡ്രൈവർമാർ വലിയ ശബ്ദത്തിൽ പാട്ടുകൾ വെക്കരുത്.
  • യാത്രക്കാർക്ക്: യാത്രക്കാർ സ്പീക്കറിൽ ഉറക്കെ സംസാരിക്കുകയോ, ഇയർഫോൺ ഉപയോഗിക്കാതെ പാട്ടുകളും വാർത്തകളും ഉറക്കെ കേൾക്കുകയോ ചെയ്യരുത്.
  • ബോധവൽക്കരണം: ബസുകളിൽ ഇത് സംബന്ധിച്ച അവബോധ സ്റ്റിക്കറുകൾ പതിക്കണം. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ, മറ്റ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻസ് എന്നിവയുടെ എം.ഡി.മാർക്കാണ് ഇതിനുള്ള നിർദേശം നൽകിയിരിക്കുന്നത്.

ബസിന്റെ മുൻവശം, നടുഭാഗം, പിറകിലെ പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ 24×16 സെന്റിമീറ്റർ വലിപ്പമുള്ള സ്റ്റിക്കറുകൾ പതിക്കാനാണ് നിർദേശം. “സ്പീക്കർ മോഡ് പാടില്ല, ദയവായി ഇയർഫോൺ/ഹെഡ്‌ഫോൺ ഉപയോഗിക്കുക, മറ്റ് യാത്രക്കാരെ ബഹുമാനിക്കുക, ബഹളമില്ലാത്ത യാത്ര – സുരക്ഷിത യാത്ര” തുടങ്ങിയ സന്ദേശങ്ങൾ ഈ സ്റ്റിക്കറുകളിൽ ഉണ്ടായിരിക്കണം.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറുന്നത് 1989-ലെ തമിഴ്‌നാട് മോട്ടോർ വാഹന പെരുമാറ്റച്ചട്ടപ്രകാരം ശിക്ഷാർഹമാണെന്ന് സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും, നിർദേശങ്ങൾ ലംഘിച്ചാൽ പിഴയീടാക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ല. മറ്റുള്ളവരെക്കൂടി പരിഗണിച്ച് യാത്ര ചെയ്യണമെന്നാണ് ഗതാഗത സെക്രട്ടറി നിർമൽ രാജ് പുറത്തിറക്കിയ സർക്കുലറിലെ പ്രധാന സന്ദേശം.

spot_img

Related news

കർണാടകയിലെ കോളേജുകളിൽ എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും; ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി...

സോനം വാങ്ചുക് ആശുപത്രിവിട്ടു; രാജ്ഘട്ടിലേക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ നിരാഹാര സമരം നടത്തിയ...

എഥനോൾ ചേർത്ത പെട്രോളിനെതിരെ ഗതാഗത യൂണിയനുകൾ; ആഗസ്റ്റ് നാലിന് പാർലമെന്റ് മാർച്ച്

ന്യൂഡൽഹി: പെട്രോളിൽ എഥനോൾ കലർത്തുന്നതിനെതിരായ പ്രതിഷേധവുമായി ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകൾ രംഗത്ത്. ഡൽഹി ടാക്‌സി,...

വിദ്യാർഥി പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി: സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ...