കൊല്ലം: പെൺസുഹൃത്തിനൊപ്പം സംസാരിച്ചെന്നാരോപിച്ച് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അഞ്ചൽ ചന്തമുക്ക് വിനോദ് വിലാസത്തിൽ വിനിലിനാണ് (35) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വെഞ്ചേമ്പ് കുഞ്ചാണ്ടിമുക്ക് വിഷ്ണു ഭവനിൽ വിഘ്നേഷിനെ (27) ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഏരൂർ നെട്ടയം കോണത്ത് ജങ്ഷനു സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ വരികയായിരുന്ന വിഘ്നേഷ്, തന്റെ പെൺസുഹൃത്തിനൊപ്പം വിനിൽ സംസാരിച്ചുനിൽക്കുന്നത് കണ്ട് വാഹനം നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ വിനിലിനെ തള്ളിയിട്ട ശേഷം കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.
നെഞ്ചിനും കഴുത്തിനും ഗുരുതരമായി കുത്തേറ്റ് റോഡിൽ കിടന്ന വിനിലിനെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്നീട് വീടിനു സമീപത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്.
ഏരൂർ എസ്.എച്ച്.ഒ. അജീഷ് വി.എസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രിയ പി.എം., മുഹമ്മദ് നിയാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




