നാല്പത്തിരണ്ട് ദിവസമായി ലോകത്തെ ആവേശത്തിലാഴ്ത്തിയ ഫുട്ബോൾ മഹാമേളയ്ക്ക് സമാപനം. 48 ടീമുകൾ മത്സരിച്ച ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് രണ്ട് ടീമുകൾ മാത്രം – അർജന്റീനയും സ്‌പെയിനും. ലോകത്തിന്റെ കണ്ണുകൾ ഇനി ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലേക്കാണ്.
ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂയോർക്കും പരിസര പ്രദേശങ്ങളും ഫുട്ബോൾ ആവേശത്തിൽ മുങ്ങിയിരിക്കുകയാണ്. തെരുവുകളും സബ്‍വേ സ്റ്റേഷനുകളും കഫേകളും ടൈംസ് സ്‌ക്വയറും ആരാധകരെ കൊണ്ട് നിറഞ്ഞു. അർജന്റീനയുടെ ആകാശനീല-വെള്ള ജഴ്‌സികളും സ്‌പെയിന്റെ ചുവപ്പും മഞ്ഞയും നഗരത്തിന്റെ ഓരോ കോണിലും നിറഞ്ഞുനിൽക്കുകയാണ്. ബ്രസീൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, മെക്സിക്കോ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആരാധകരും ലോകകപ്പിന്റെ ആഗോള സ്വഭാവം കൂടുതൽ പ്രകടമാക്കുന്നു.
ഞായറാഴ്ച രാത്രിയോടെ ടൈംസ് സ്‌ക്വയർ ആഘോഷ വേദിയായി മാറും. ഭീമൻ എൽ.ഇ.ഡി സ്ക്രീനുകളിൽ ലോകകപ്പിന്റെ ഓർമനിമിഷങ്ങൾ പ്രദർശിപ്പിക്കുമ്പോൾ ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അർജന്റീനയും സ്‌പെയിനും നിന്നുള്ള ആരാധകർ ഗാനവും നൃത്തവുമായി നഗരവീഥികൾ സജീവമാക്കിയിരിക്കുകയാണ്. ഫൈനലിന് മുന്നോടിയായി അർജന്റീനൻ ആരാധകരുടെ പ്രത്യേക ഫാൻ ഷോയും ഇന്ന് ന്യൂജഴ്സിയിൽ നടക്കും. ആയിരക്കണക്കിന് ആരാധകരാണ് പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
അതേസമയം, മെറ്റ് ലൈഫ് സ്റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വാഹന നിയന്ത്രണവും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റുള്ളവർക്ക് പ്രത്യേക ഷട്ടിൽ ബസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകകപ്പിന്റെ തുടക്കം മുതൽ വിവിധ അമേരിക്കൻ നഗരങ്ങൾ ഫുട്ബോൾ ആവേശത്തിന് സാക്ഷ്യം വഹിച്ചെങ്കിലും അവസാന അധ്യായം എഴുതപ്പെടുന്നത് ന്യൂയോർക്കിലാണ്. ലോകം കാത്തിരിക്കുന്ന കലാശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. അവസാന വിസിലിനൊപ്പം ഒരു ലോകകപ്പിന് തിരശ്ശീല വീഴുമെങ്കിലും, ഈ ടൂർണമെന്റിന്റെ ഓർമകൾ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസിൽ ഏറെക്കാലം നിലനിൽക്കും.




