കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ വീണ്ടും നടപടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഒരു കട അധികൃതർ പൂട്ടിച്ചു. ആറ് കടകൾക്ക് നോട്ടീസും നൽകി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ഫുഡ് സ്ട്രീറ്റിലെത്തിയത്.
പല കടകളുടെയും മുൻവശത്തുകൂടി മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. മലിനജലം ഒഴുകുന്നത് ഒഴിവാക്കി പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
തെർമോകോൾ പെട്ടികളിൽ ഐസ് നിറച്ച് അതിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളും ദ്രവിച്ച പാചക ഉപകരണങ്ങളും പരിശോധനയിൽ കണ്ടെത്തി. വളരെ മോശമായ സാഹചര്യത്തിൽ പ്രവർത്തിച്ച കെട്ടിടമാണ് പൂട്ടിച്ചതെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.
പരിസരം വൃത്തിയായി സൂക്ഷിക്കാത്ത കടകൾ ഇന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ജിതിൻ രാജ്, അമൃത ബി. നായർ, ലസിക, രാജിത എന്നിവരും കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ, സി.എം. ജസീല, ശ്യാംകുമാർ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഫുഡ് സ്ട്രീറ്റിലെ ശുചിത്വം ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.




